പ്രാചീനചരിത്രം
നവീന ശിലായുഗം മുതല്ക്കുതന്നെ സംസ്ക്കാരസമ്പന്നമായ ഒരു ജനത വയനാട്ടിലുണ്ടായിരുന്നു.ഇവിടെ കാണപ്പെടുന്ന പല ആദിവാസിവിഭാഗങ്ങളും അവരുടെ മിത്തുകളിലൂടേയും ഐതിഹ്യങ്ങളിലൂടേയും വെളിവാക്കുന്ന പ്രാക്ചരിത്രം ഇതിന് സാക്ഷ്യം വഹിക്കുന്നു. എടക്കല്‍ ഗുഹയില്‍ കണ്ടെത്തിയ ശിലാലിഖിതമനുസരിച്ച് വയനാട്ടില്‍ പ്രാചീനകാലത്ത് ഗിരിവര്‍ഗ്ഗക്കാര്‍ തന്നയായിരുന്നു ഭരണം നടത്തിയിരുന്നതെന്ന് കാണാം. ഒരേ വംശത്തില്‍പ്പെട്ട രണ്ടു കുടുംബക്കാരായ അരിപ്പാനും വേടനുമായിരുന്നു ആ വിഭാഗത്തിലെ അവസാന നാടുവാഴികള്‍. പനമരം ദേശത്തിന് വടക്കോട്ടുള്ള പ്രദേശങ്ങളെല്ലാം അരിപ്പാന് എന്ന രാജാവിന്റെ കീഴിലായിരുന്നു. കുമ്പള മായ്പ്പടി രാജാവിന്റെ ചതിയിലൂടെയാണ് ഈ രാജവംശത്തിലെ വേടന് രാജാവ് നാമാവശേഷനായത്. പണിയര്‍, മുള്ളക്കുറുമര്‍, ഊരാളിക്കുറുമര്‍, കാട്ടു നായ്ക്കര്‍, അടിയാന്, കുറിച്യര്‍ എന്നിവര്‍ നൂറ്റാണ്ടുകളായി വയനാട്ടിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട്. ഇപ്പിമലയിലെ സ്ഥിരവാസികളായിരുന്ന പണിയരും വേടവംശത്തിലെ പ്രതാപികളായുമുള്ള കുറുമരും നാഗമക്കളായ ഊരാളിക്കുറുമരും, കീയൊരുത്തിയുടെയും മേലോരച്ചവന്റേയും പിന്മുറക്കാരായ അടിയാന് വിഭാഗവും ശ്രദ്ധേയമായ സാംസ്ക്കാരികപാരമ്പര്യം ഉള്ളവരാണ്. ഇതില്‍ അടിയാന് വിഭാഗം തിരുനെല്ലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മാനന്തവാടിയിലാണ്. തിരുനെല്ലിയും പാക്കവുമായി ബന്ധപ്പെട്ട് അടിയാന് വിഭാഗത്തിന്റെ മിത്ത് ബന്ധിപ്പിക്കപ്പെടുന്ന പ്രദേശം മാനന്തവാടിയോടടുത്ത ചില പ്രദേശങ്ങളാണ്. ഇവരുടെ സമൃദ്ധമായ കഥാഗാനപാരമ്പര്യം പ്രശസ്തമാണ്. പാലക്കാട് മുതല്‍ മലപ്പുറം വരെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന പണിയര്‍ വിഭാഗത്തിന്റെ ധാരാളം സങ്കേതങ്ങള്‍ മാനന്തവാടിയിലുണ്ട്. വള്ളിയൂര്ക്കാവുക്ഷേത്രത്തില് ഇവര്‍ക്ക് പ്രത്യേക സ്ഥാനം കല്പിക്കപ്പെട്ടിരിക്കുന്നതും ശ്രദ്ധേയമാണ്. ആദിവാസി വിഭാഗങ്ങളിലെ കരകൌശല വിദഗ്ദ്ധരായ ഊരാളിക്കുറുമര്‍ മാനന്തവാടിയില്‍ ചാലിഗദ്ദ, മുള്ളന്തറ എന്നിവിടങ്ങളിലാണുള്ളത്. മനുഷ്യസമൂഹത്തിന് പ്രാഥമികമായി വേണ്ട എല്ലാ ഉപകരണങ്ങളും, വസ്തുക്കളും ഇവര്‍ സ്വയം നിര്‍മ്മിക്കുന്നു. പഴശ്ശി രാജാവിന്റെ സന്തതസഹചാരികളായിരുന്നു കുറിച്യര്‍. ഇവിടുത്തെ പ്രാചീനസംസ്കാരത്തിന്റെ ആദ്യകാലത്തുതന്ന ചക്രത്തിന്റെ ഉപയോഗം ഇവിടെയുണ്ടായിരുന്ന ആദിമനിവാസികള്‍ മനസ്സിലാക്കിയിരുന്നു എന്നതിന് വ്യക്തമായ തെളിവാണ് വയനാട്ടിലെ നദീതീരത്തുനിന്ന് കണ്ടെടുക്കപ്പെട്ടിട്ടുളള മരംകൊണ്ടുണ്ടാക്കിയ ചക്രം. മരങ്ങള്‍ വട്ടത്തില്‍ ഉരുളുകളായി മുറിച്ചെടുത്ത് രണ്ട് ചക്രങ്ങളാക്കി അക്ഷത്തിന്മേല് പിടിപ്പിച്ച് വാഹനമാക്കുന്ന വിദ്യ ഉപയോഗിച്ചിരുന്ന, പ്രാചീനഭാരതത്തിലെ ചുരുക്കം ചില കേന്ദ്രങ്ങളിലൊന്നാണ് വയനാട്. എടക്കല്‍ ഗുഹയില്‍ ക്രിസ്തുവര്‍ഷം അഞ്ചാംശതകത്തിലെ വിഷ്ണുശര്‍മ്മന്റെ ഒരു പൂര്ണ്ണലിഖിതം കാണപ്പെടുന്നുണ്ട്.
സ്ഥലനാമ ചരിത്രം
വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ചെമ്പില്‍ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിന്റെ അടിഭാഗത്തു കാണുന്ന കര്‍ണ്ണാടക ലിപിയിലുള്ള ശാസനത്തില്‍ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയര്‍ത്തികാണിക്കപ്പെടുന്നു. ജൈനമതത്തിന്റെ സ്വാധീനം വെളിവാക്കുന്നതാണ് ഒണ്ടയങ്ങാടി, പയ്യമ്പള്ളി, ഊര്‍പ്പള്ളി എന്നീ സ്ഥലനാമങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മാന്തൊടി എന്ന പേരിലാണ് ഈ സ്ഥലം പരാമര്‍ശിക്കപ്പെടുന്നത്. പഴശ്ശിയുടെ കാലഘട്ടത്തില്‍ ഇളംകൂര്‍ നാട്ടിലുള്‍പ്പെട്ടതായിരുന്നു വേമോം എന്നറിയപ്പെട്ടിരുന്ന മാനന്തവാടി. ബ്രിട്ടീഷുകാരുടെ കാലത്ത് മാനന്‍ടോഡി എന്നും വയനാട് ബസാര്‍ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. മഹോദയപുരരാജാക്കന്മാരുടെ പതനത്തിനുശേഷം നഗരമായി തീര്‍ന്ന തിരച്ചുലരിയുടെയും, മുത്തുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പുത്തനങ്ങാടിയുടെയും ഇടയ്ക്ക് ഉയര്‍ന്നു വന്നതാകാം ഈ ഹൌസെങ്കാടി അഥവാ പുതിയങ്ങാടി. അടുത്തകാലഘട്ടങ്ങളില്‍ മാനന്തവാടി ചെട്ടിത്തെരുവായും എരുമത്തെരുവായും അഞ്ചാം പീടികയായും അറിയപ്പെടുന്നു.
ദേശഭരണ ചരിത്രം
എടക്കല്‍ ഗുഹയില്‍ കണ്ടെത്തിയ ശിലാലിഖിതമനുസരിച്ച് വയനാട്ടില്‍ പ്രാചീനകാലത്ത് ഗിരിവര്‍ഗ്ഗക്കാര്‍ തന്നെയായിരുന്നു ഭരണം നടത്തിയിരുന്നതെന്ന് കാണാം. ഒരേ വംശത്തില്‍പ്പെട്ട രണ്ടു കുടുംബക്കാരായ അരിപ്പാനും വേടനുമായിരുന്നു ആ വിഭാഗത്തിലെ അവസാന നാടുവാഴികള്‍. പനമരം ദേശത്തിന് വടക്കോട്ടുള്ള പ്രദേശങ്ങളെല്ലാം അരിപ്പാന് എന്ന രാജാവിന്റെ കീഴിലായിരുന്നു. കുമ്പള മായ്പ്പടി രാജാവിന്റെ ചതിയിലൂടെയാണ് ഈ രാജവംശത്തിലെ വേടന് രാജാവ് നാമാവശേഷനായത്. 1810-ലെ മലബാര്‍ ജില്ലാക്കോടതിയുടെ ഉത്തരവനുസരിച്ച് വയനാടിന്റെ ചരിത്രം വായ്മൊഴിയായി ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മെക്കന്‍സിയുടെ കൈയെഴുത്തുരേഖകളിലും ഇത് കാണാം. വേടരാജാക്കന്മാരെ നശിപ്പിച്ചതിനുശേഷം പാറയ്ക്കുമിത്തല് എന്ന മാടമ്പിയുടെ അവകാശം കൂടി തട്ടിയെടുത്തുകൊണ്ട് കോട്ടയംരാജാവ് വയനാട് ഭരിക്കുവാന്‍ തുടങ്ങി. ഹൈദരാലിയുടെ ആക്രമണകാലത്ത് കോട്ടയം രാജാവായ രവിവര്‍മ്മ കുടുംബസമേതം തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു. മൈസൂറിന്റെ രണ്ടാം ആക്രമണകാലത്ത് രവിവര്‍മ്മ സൈന്യശേഖരവുമായെത്തി വയനാടിന്റെ അധീശത്വം വീണ്ടെടുത്തു. യുദ്ധത്തിനുശേഷം വയനാടിനെ പലനാടുകളായി തിരിച്ചു. അതില്‍ ഇളംകൂര്‍ നാട്ടില്പ്പെട്ടതാണ് ഇന്നത്തെ മാനന്തവാടി. വേമോത്ത് നമ്പ്യാരായിരുന്നു ഇവിടുത്തെ മാടമ്പി (നാടുവാഴി). 1792 മാര്‍ച്ച് 18-ാം തീയതി ഈസ്റിന്ത്യാ കമ്പനിയും ടിപ്പുവും തമ്മില്‍ നടത്തിയ സമാധാനസന്ധി പ്രകാരം മലബാറിന്റെ പരമാധികാരം ബ്രിട്ടീഷുകാര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. രാജാധികാരം നാട്ടുരാജാക്കന്മാര്ക്ക് വിട്ടുകൊടുക്കാമെന്ന വ്യവസ്ഥ കമ്പനി പാലിക്കാതിരുന്നതിനാല്‍ പഴശ്ശി ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. കമ്പനിക്കെതിരെ ജനങ്ങളെ തിരിക്കുന്നതില്‍ സമര്‍ത്ഥമായി വിജയിച്ച പഴശ്ശിയെ അമര്‍ച്ച ചെയ്യുന്നതിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. 1805 ഏപ്രില്‍ അവസാനത്തോടെ പഴശ്ശിക്ക് പിടിച്ചുനില്ക്കാന് വയ്യാതായി. മലബാര്‍ സബ്കളക്ടര്‍ ടി.എച്ച്.ബാബര്‍ കമ്പനിസേനയുടെ നേതൃത്വം ഏറ്റെടുത്തതോടുകൂടി പഴശ്ശിയുടെ നില കൂടുതല്‍ പരുങ്ങലിലായി. 1805 നവംബര്‍ 30-ന് പുല്‍പ്പള്ളിയിലെ മാവിലാന്തോട്ടത്തില് വച്ച് അദ്ദേഹം വീരമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം അടുത്തദിവസം സുശക്തമായ കാവലോടെ മാനന്തവാടിയില്‍ കൊണ്ടുവരികയും ബ്രാഹ്മണ കാര്‍മ്മികത്വത്തില്‍ താഴെയങ്ങാടിയില്‍ സംസ്കരിച്ച് ഭൌതികാവശിഷ്ടം ആശുപത്രിയില്‍ അടക്കം ചെയ്യുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കല്ലറയും അതിന്മേല് വളര്‍ന്ന വൃക്ഷവും ചരിത്രസാക്ഷികളായി ഇന്നും നിലകൊള്ളുന്നു. പോരാട്ടങ്ങളുടെ സ്മരണകള്‍ നിലനിര്‍ത്തികൊണ്ട് വെടിമരുന്ന് സൂക്ഷിക്കുന്നതിനുവേണ്ടി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച മരുന്നറ ചുട്ടക്കടവിനു സമീപം കാലം ഏല്‍പ്പിച്ച പരിക്കുകളേറ്റുവാങ്ങി ഇന്നും നിലകൊള്ളുന്നു. 47-ാം വയസ്സിലാണ് പഴശ്ശി വീരമൃത്യൂ വരിച്ചത്. പഴശ്ശിയുടെ പതനത്തോടെ കുറിച്യപ്പട ശോഷിച്ചു. 1856-ല്‍ റോബിന്‍സണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മാനന്തവാടി ഉള്‍പ്പെട്ടിരുന്ന ഇളംകൂര്‍നാട് ഡിവിഷന് പുതിയ അംശങ്ങളായി വിഭജിച്ചു. അതില്‍ വേമോം, തിരുനെല്ലി എന്നിവയും ഉള്‍പ്പെടുന്നു. 1830 ആയപ്പോഴേയ്ക്കും സ്വകാര്യകാപ്പിതോട്ടങ്ങള് മാനന്തവാടി പരിസരത്ത് ഉണ്ടായിരുന്നുവെങ്കിലും 1835-നോടടുപ്പിച്ച് സിലോണ്‍കാരനായ പ്യൂഗ് ആണ് മാനന്തവാടിയില്‍ കാപ്പിപ്ളാന്റേഷന് ആരംഭിക്കുന്നത്. മാനന്തവാടിയില്‍ തമ്പടിച്ചിരുന്ന പട്ടാളക്കാര്‍ക്ക് വിശ്രമജോലി എന്ന നിലയ്ക്കാണ് കാപ്പിത്തോട്ടനിര്‍മ്മാണം ആരംഭിച്ചത്. 1854-ല്‍ തന്ന തേയില പ്ളാന്റേഷന് ചിറക്കരയിലും ജെസ്സിയിലും ആരംഭിക്കുകയുണ്ടായി. 1892-ഓടെ പ്യാരി ആന്റ് കമ്പനി ഈ മേഖലയില്‍ ചുവടുറപ്പിച്ചുതുടങ്ങി. 1887-ല്‍ വില്യം ലോഗന് മലബാര്‍ മാന്വലില്‍ വിവരിക്കുന്ന മാനന്തവാടിയില്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള ഡെപ്യൂട്ടി കലക്ടര്‍, പോലീസ് ഇന്‍സ്പെക്ടര്‍, സബ് രജിസ്ട്രാര്‍, സബ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ ഓഫീസ് ഉണ്ടായിരുന്നു. മാനന്തവാടിയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മിഡില്‍ സ്ക്കൂളും പോസ്റ്റ് ഓഫീസും ഉണ്ടായിരുന്നു. 1886-ന് മുമ്പ് മാനന്തവാടിയിലെ മെഡിക്കല്‍ ആഫീസര്‍മാര്‍ വെള്ളക്കാരായിരുന്നു. യൂറോപ്യന്മാരുടെ ക്ളബ് ഉള്ള ഇപ്പോഴത്തെ ക്ളബ്കുന്നും അതിനോടനുബന്ധിച്ച് അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വിറ്റിരുന്ന കാന്റീനും ഉണ്ടായിരുന്നു. മാനന്തവാടി ഈസ്റ്റിന്ത്യാകമ്പനിയുടെ ഭരണത്തിന്റെ തുടക്കത്തില്‍ തലശ്ശേരി സബ്കലക്ടറുടെ കീഴിലായിരുന്നങ്കിലും, ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഭരണകാലത്ത് ഒരു പ്രത്യേക ഡെപ്യൂട്ടികലക്ടറുടെ അധികാരത്തിന്‍കീഴിലായിരുന്നു. 1859 മുതല്‍ 1879 വരെ മാനന്തവാടി ഡപ്യൂട്ടി കലക്ടര്‍ക്ക് സിവില്‍ അധികാരങ്ങള്‍ ഉണ്ടായിരുന്നു. 1859-ല്‍ വനം വകുപ്പ് രൂപീകൃതമായതോടെ വയനാടന്‍ വനങ്ങള്‍ 14 ബ്ളോക്കുകളായി തിരിച്ചു. ഒരു ഫോറസ്റ്റ് ഓഫീസര്‍, ഒരു സബ് അസിസ്റന്റ് കണ്‍സര്‍വേറ്റര്‍ 20 ഫോറസ്റ്റേഴ്സ് എന്നിവരെയാണ് ജില്ലാ വനപരിപാലത്തിന് നിയോഗിച്ചിരുന്നത്. ഇതില്‍ സബ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസ് മാനന്തവാടിയിലായിരുന്നു. 1935-ലാണ് മാനന്തവാടി പഞ്ചായത്ത് രൂപീകൃതമാവുന്നത്. കണിയാരം, ഒഴക്കോടി പ്രദേശങ്ങള്‍ അന്നത്തെ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഏതാണ്ട് ഇരുപതുചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമേ അന്നത്തെ പഞ്ചായത്തിനുണ്ടായിരുന്നുള്ളൂ.
സാമൂഹിക സാംസ്കാരിക ചരിത്രം
വയല്‍ നാടായ വയനാടിന്റെ പൊതുസവിശേഷതകള്‍ മാനന്തവാടി പഞ്ചായത്തിന്റെ കാര്‍ഷികരംഗത്തും ദൃശ്യമാണ്. മാനന്തവാടിയിലെ കൃഷിയിടങ്ങളുടെ ഭൂരിഭാഗവും പഞ്ചായത്തിലെ ശ്രീവള്ളിയൂര്‍ക്കാവ് ദേവസ്വത്തിന്റേയും കൊയിലേരിയിലെ വാടിയൂര്‍ ദേവസ്വത്തിന്റെയും അധീനതയില്‍പ്പെട്ടതായിരുന്നു. ബ്രാഹ്മണര്‍, ചെട്ടിമാര്‍, ഗൌഡര്‍ തുടങ്ങിയ ജന്മിമാരായിരുന്നു ഭൂമി കൈയ്യാളിയിരുന്നത്. കുടിയാന്മാരും ഉണ്ടായിരുന്നു. ജന്മി-കുടിയാന് ബന്ധം നിലനിന്നിരുന്ന പഴയ കാലത്ത് പാട്ടച്ചാര്‍ത്ത് പ്രകാരമായിരുന്നു കുടിയാന്മാര് ഭൂമി കൈവശം വെച്ചിരുന്നത്. കുടിയാന് ജന്മിക്ക് വയല്‍കൃഷിക്ക് വിത്തിന് തുല്യമായ അളവ് നെല്ല് പാട്ടമായി കൊടുത്തുപോന്നു. കരഭൂമിക്ക് ഏക്കര്‍ ഒന്നിന് അഞ്ചുരൂപയാണ് കൊടുക്കേണ്ടിയിരുന്നത്. പണിയന്, കുറിച്ച്യര്‍, അടിയന്, കുറുമര്‍ എന്നിവരായിരുന്നു ജന്മിമാരുടെ കാര്‍ഷികതൊഴിലാളികള്‍. 1930-കളുടെ തുടക്കത്തിലുണ്ടായ കുടിയേറ്റം 1960-കളോടെ വളരെ സജീവമായി. അക്കാലംവരെയും പ്രധാനമായും വയല്‍കൃഷിയാണ് ചെയ്തിരുന്നത്. മാനന്തവാടി പഞ്ചായത്തില്‍ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ളീങ്ങള്‍, ജൈനമതക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട യാദവര്‍, ചെട്ടിമാര്‍, തമിഴ് ബ്രാഹ്മണര്‍ തുടങ്ങിയ ഹൈന്ദവഉപജാതിവിഭാഗക്കാരും ഇവിടെയുണ്ട്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെയുണ്ടായ ഭക്ഷ്യക്ഷാമത്തെതുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളില്‍ നിന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധാരാളം ക്രിസ്തീയകുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തു. ടിപ്പുവിന്റെ പടയോട്ടകാലത്ത് മാനന്തവാടിയില്‍ എത്തിച്ചേര്‍ന്ന പഠാണികളെയും തുടര്‍ന്നു വന്ന മുസ്ളീങ്ങളുടേയും പിന്മുറക്കാരെ ഈ പഞ്ചായത്തില്‍ കാണാം. പഞ്ചായത്തിലെ ആദിവാസിവിഭാഗങ്ങള്‍ ശ്രേഷ്ഠവും വൈവിധ്യവുമായ സംസ്കാരത്തിന്റെ ഉടമകളാണെന്നത് ശ്രദ്ധേയമാണ്. പുള്ളിപ്പുലികള്‍ ധാരാളമായി ഉണ്ടായിരുന്ന പ്രദേശമാണ് മാനന്തവാടി. മാനന്തവാടി ടൌണില്‍ ഇന്ന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ പലതും പണ്ടുകാലത്ത് നിബിഡമായ വനമായിരുന്നു. ഗതാഗതയോഗ്യമായ റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി എന്നിവയും വളരെ ചുരുക്കമായിരുന്നു. പഞ്ചായത്തിലെ പ്രധാനകവലകളില്‍ രാത്രി വിളക്ക് കത്തിക്കുന്നതിന് അധികൃതര്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. തലശ്ശേരി, കോഴിക്കോട്, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വ്വീസ് ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് പെട്രോളിന് ക്ഷാമം നേരിട്ടപ്പോള്‍ ചകിരിയും കരിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസ്സുകള്‍ ഓടിച്ചിരുന്നു. രോഗം പിടിപെട്ടാല്‍ വടകരയിലെ കൃഷ്ണന് വൈദ്യനെ തേടുക എന്നതും മാനന്തവാടിക്കാരെ സംബന്ധിച്ചിടത്തോളം പതിവായിരുന്നു. ആദ്യകാലത്ത് വയനാടിനെ പൊതുവെ ബാധിച്ചിരുന്ന മലമ്പനി മാനന്തവാടിയേയും ഒഴിവാക്കിയിരുന്നില്ല. 1946-47 കാലത്ത് പ്ളേഗ് ബാധയുണ്ടെന്ന് സംശയിച്ച് മാനന്തവാടി ടൌണ്‍ അടച്ചിടുകയും വീടുകളുടെ മേല്ക്കൂരപോലും പൊളിച്ച് എലികളെ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയരായ സ്വാതന്ത്യ്രസമരപ്രവര്‍ത്തകരില്‍ ശ്രദ്ധേയരായ നിരവധിപേരുണ്ടായിരുന്നു. മാനന്തവാടിയില്‍ ആദ്യകാലത്ത് ടൂറിങ്ങ് ടാക്കീസുകള്‍ മുഖേന സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. അമ്പുകുത്തിയിലായിരുന്നു പ്രധാനകേന്ദ്രം. മാനന്തവാടിയിലെ വളരെ പ്രസിദ്ധമായ ആരാധനാലയമാണ് വള്ളിയൂര്‍ക്കാവ്. ദ്രാവിഡ മാതൃകയിലുള്ളതാണ് ഈ കാവെന്ന് അതിന്റെ രൂപഘടനയില്‍നിന്ന് വ്യക്തമാകും. 1848-ല്‍ ആരംഭിച്ച അമലോത്ഭവ ദേവാലയമാണ് ആദ്യക്രിസ്തീയദേവാലയം. ഇന്നത്തെ സ്ഥലത്ത് ഒരു ചെറിയ പള്ളിയും പാത്തിവയലില്‍ മറ്റൊരു പള്ളിയും ഉണ്ടായിരുന്നു. കുറിച്ച്യവിഭാഗത്തില്‍ നിന്ന് മതം മാറിയവര്‍ക്ക് ആരാധന നടത്തുന്നതിനാണ് ഇപ്രകാരം ചെയ്തിരുന്നത്. തുടര്‍ന്ന് വ്യത്യസ്തപ്രദേശങ്ങളില്‍ ഈ വിഭാഗത്തില്‍ പെട്ടവരുടെ ആരാധനാലയങ്ങള്‍ ഉണ്ടായിട്ടുണ്ട്. താഴെയങ്ങാടിയിലെ പട്ടാണിപ്പള്ളിയും മുസ്ളീംപള്ളിയും ഏറ്റവും ആദ്യമുണ്ടായ മുസ്ളീംദേവാലയം. ജൈനര്‍ക്കായി ഉര്‍പ്പള്ളിയില്‍ പുതിയതായി നിര്‍മ്മിച്ച ആരാധനാലയങ്ങളും യാദവര്‍ക്കായിട്ടുള്ള എരുമത്തെരുവിലെ കാഞ്ചികാമാക്ഷിയമ്മന്‍കോവിലും അന്യാദൃശമായ ക്ഷേത്രങ്ങളാണ്. വ്യത്യസ്ത ആദിവാസിവിഭാഗങ്ങളുടെ വ്യത്യസ്ത ആരാധനാരീതികളും പഞ്ചായത്തിലെ സാംസ്കാരികസവിശേഷതയാണ്.
- 2093 views